തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി എൻ ജോയിയുടെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പത്ത് ലക്ഷം രൂപയാണ് നൽകുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ കാണാതായത്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയായ ജോയ്, ശക്തമായ മഴയിൽ തോട്ടിലെ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു.
ജോയിയുടെ മരണത്തിൽ പഴിചാരലും രാഷ്ട്രീയ വാക്പോരും തുടരുകയാണ്. റെയിൽവേക്കെതിരെ സർക്കാരും സർക്കാരിനെതിരെ പ്രതിപക്ഷവും ആരോപണങ്ങൾ ഉന്നയിക്കുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ കുടുംബത്തിന് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.