മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു. പ്രശസ്ത മെഴുക് പ്രതിമ ശില്പിയും സുനിൽസ് വാക്സ് മ്യൂസിയം മാനേജിങ് ഡയറക്ടറുമായ സുനിൽ കണ്ടല്ലൂരാണ് പ്രതിമ നിർമിച്ചത്. ശില്പത്തിന്റെ അനാച്ഛാദനം ഉമ്മൻചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മൻ നിർവഹിച്ചു. ഭർത്താവ് അടുത്ത് വന്ന് നിൽക്കുന്നതുപോലെ തോന്നിയെന്നും മറിയാമ്മ പറഞ്ഞു.
ഉമ്മൻ ചാണ്ടി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന വാക്കുകൾ ഇപ്പോഴും ഹൃദയത്തിലാണെന്ന് മറിയാമ്മ ഉമ്മൻ പറഞ്ഞു. കോൺഗ്രസിന്റെ ലേബിലിലാണ് ഉമ്മൻചാണ്ടി വിജയിച്ചതെന്നും കോൺഗ്രസ് പാർട്ടിയില്ലാതെ ഒന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ഉമ്മൻചാണ്ടിക്കാണെന്നും മറിയാമ്മ ഉമ്മൻ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സൂര്യ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തി. തിരുവിതാംകൂർ രാജ്യകുടുംബാംഗം പ്രിൻസ് ആദിത്യവർമ മുഖ്യ അതിഥിയായി പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനും ചടങ്ങിൽ സന്നിഹിതയായി. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ നാളെ രാവിലെ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.