കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിരിക്കുന്നു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് നൽകിയിരിക്കുന്നത്. കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കള്ള കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്ന് നിർദേശിച്ചിരിക്കുന്നു.