കനത്ത മഴ: നാല് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Anjana

കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. എന്നാൽ, മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചിട്ടുണ്ട്.

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും. മധ്യ കേരളത്തിൽ അതിശക്തമായ മഴയ്ക്കും വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വയനാട്ടിൽ എം.ആർ.എസ് സ്കൂളുകൾക്കും ഇടുക്കിയിൽ പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.