വിഴിഞ്ഞം തുറമുഖ എം.ഡി ദിവ്യ എസ് അയ്യർ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതിന് വേട്ടയാടപ്പെടുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആരോപിച്ചു. സൈബർ കോൺഗ്രസ് എന്ന സംഘം സ്വന്തം നേതാവിന്റെ ജീവിതപങ്കാളിയെ പോലും വെറുതെ വിടാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രസംഗിച്ചതിനാണ് ദിവ്യ എസ് അയ്യർ വിമർശനങ്ങൾ നേരിടുന്നത്. പിണറായി സർക്കാരിന്റെ കാലത്ത് വൻകിട വികസന പദ്ധതികൾ വേഗത്തിൽ മുന്നോട്ട് പോയെന്ന വസ്തുത മാത്രമാണ് അവർ പങ്കുവച്ചതെന്ന് സനോജ് വ്യക്തമാക്കി. കാപട്യ മുന്നണിയെ ജനങ്ങൾ പരിഹസിക്കുന്നതിന്റെ ജാള്യത സ്ത്രീകളെ അധിക്ഷേപിച്ച് തീർക്കാമെന്നാണ് കോൺഗ്രസ് കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സൈബർ കോൺഗ്രസ് സ്പോൺസർ ചെയ്യുന്ന ക്രിമിനലുകൾക്ക് വേണ്ടി കേസ് നടത്തുകയും സോഷ്യൽ മീഡിയയിൽ അവരെ ആദരിക്കുകയും ചെയ്യുമ്പോൾ, ഈ കുറ്റവാളികൾ സ്വന്തം വീട്ടിലെ സ്ത്രീകളെ തേടിയും വരുമെന്ന് കോൺഗ്രസ് നേതാക്കൾ ഓർക്കുന്നില്ലെന്നും സനോജ് കുറ്റപ്പെടുത്തി. വൻകിട പദ്ധതികൾ കടലാസിൽ ഒതുങ്ങുന്ന കാലം കഴിഞ്ഞെന്നും, ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നിരവധി വൻകിട പദ്ധതികൾ പൂർത്തിയായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.