സിപിഐ നേതാവിനെതിരെ കോഴ ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് കത്ത്

Anjana

സിപിഐ സംസ്ഥാന സമിതി അംഗം പി.ആർ. ഗോപിനാഥനെതിരെ പാറമടകളിൽ നിന്ന് ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന ഗുരുതരമായ ആരോപണം ഉയർന്നിരിക്കുകയാണ്. പത്തനംതിട്ട ജില്ല അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ഗോപിനാഥൻ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ക്വാറികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയെന്നും എന്നാൽ പാർട്ടിക്ക് ഒരു രൂപ പോലും നൽകിയില്ലെന്നുമാണ് പരാതി. ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് ലോക്കൽ കമ്മിറ്റി അംഗം കത്ത് നൽകിയിട്ടുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ മാത്രം 15 ലക്ഷം രൂപ ക്വാറി ഉടമകളിൽ നിന്ന് ഗോപിനാഥ് പിരിച്ചെടുത്തുവെന്നാണ് ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐ മന്ത്രിമാരുടെ പേര് പറഞ്ഞ് പാറമട ഉടമകളിൽ നിന്ന് പണം പിരിച്ചെന്ന പരാതിയും നേരത്തെ ഉയർന്നിരുന്നു. ഈ വിഷയത്തിൽ പാർട്ടി പ്രാഥമിക അന്വേഷണം നടത്തുന്നതിനിടെയാണ് മുൻപ് പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പുറത്തുവരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇടതു പാർട്ടികളെ ഒന്നാകെ കോഴ വിവാദം സംസ്ഥാനത്ത് ആഞ്ഞു കുലുക്കുകയാണ്. സിപിഎം കോഴ വിവാദത്തിൽ നടപടിയെടുത്തുവെങ്കിലും സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരായി ഉയർന്ന പരാതിയിൽ സിപിഐയിൽ എന്ത് നടപടി ഉണ്ടാകുമെന്ന ചോദ്യം ഉയരുന്നു. നിരവധി തവണ പരാതിക്ക് ഇടയാക്കിയിട്ടും സംസ്ഥാന സമിതി അംഗത്തിനെതിരെ മാത്രം എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ല എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. അഴിമതിയെ എതിർക്കുന്നവർ പാർട്ടിക്ക് പുറത്തും അഴിമതി പണം വാങ്ങിയവർ പാർട്ടിക്കുള്ളിലും എന്നതാണോ ഇടത് ശൈലി എന്ന ചോദ്യവും പാർട്ടിക്കുള്ളിൽ സജീവമാവുകയാണ്.