കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
കനത്ത മഴയെ തുടർന്ന് വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് കുഞ്ഞാമിന എന്ന സ്ത്രീ മരണമടഞ്ഞു. വയനാട് പുൽപ്പള്ളിയിൽ താഴെയങ്ങാടി ചേലാമഠത്തിൽ തോമസിന്റെ വീട്ടുമുറ്റത്തെ 50 അടി താഴ്ചയുള്ള ആൾമറയോടുകൂടിയ കിണർ ഇടിഞ്ഞുതാഴ്ന്നു.
ആലുവയിൽ പെരിയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. അമ്പലത്തിലും മണപ്പുറത്തും രണ്ടടിയോളം വെള്ളം കയറിയതോടെ ക്ഷേത്രത്തിലെ ചടങ്ങുകൾ മുകളിലത്തെ അമ്പലത്തിലേക്ക് മാറ്റി. വൃഷ്ടിപ്രദേശങ്ങളിൽ രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയാണ് പെരിയാറിലെ ജലനിരപ്പ് ഉയരാൻ കാരണമായത്. ഒരടിയോളം കൂടി വെള്ളം ഉയർന്നാൽ ശിവലിംഗം വെള്ളത്തിൽ മുങ്ങുകയും ആറാട്ടുൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.