തെലങ്കാനയിൽ ബിആർഎസിൽ നിന്നും കോൺഗ്രസിലേക്കുള്ള എംഎൽഎമാരുടെ ഒഴുക്ക് തുടരുന്നു. പടൻചേരു എംഎൽഎ ഗുഡെം മഹിപാൽ റെഡ്ഡി ഇന്ന് ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേർന്നതോടെ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പാർട്ടി മാറിയ പത്താമത്തെ എംഎൽഎയായി അദ്ദേഹം മാറി. ഇതോടെ തെലങ്കാന ബിആർഎസിനുള്ളിലെ പ്രതിസന്ധി രൂക്ഷമാകുകയാണ്.
തെലങ്കാന പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയാണ് മഹിപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്. ഗ്രേറ്റർ ഹൈദരാബാദ് പരിധിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന അഞ്ചാമത്തെ ബിആർഎസ് എംഎൽഎയാണ് മഹിപാൽ റെഡ്ഡി. അദ്ദേഹത്തിന് മുമ്പ് ബിആർഎസ് എംഎൽഎമാരായ ദാനം നാഗേന്ദർ, കാലെ യാദയ്യ, ടി. പ്രകാശ് ഗൗഡ്, അരേക്കാപ്പുഡി ഗാന്ധി എന്നിവരും കോൺഗ്രസിൽ ചേർന്നിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സാഹിറാബാദിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട ബിആർഎസ് നേതാവ് ഗാലി അനിൽ കുമാറും എംഎൽഎ മഹിപാലിനൊപ്പം ഇന്ന് കോൺഗ്രസിൽ ചേർന്നു.
ബിആർഎസിന്റെ 39 എംഎൽഎമാരിൽ 26 പേരെ പാർട്ടിയിലേക്ക് ചേർക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ബിആർഎസിന്റെ പ്രതിപക്ഷപദവി എടുത്തുകളയാനും പാർട്ടി അധ്യക്ഷൻ കെ ചന്ദ്രശേഖർ റാവുവിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റാനും നീക്കം നടക്കുകയാണ്. ഈ നീക്കങ്ങൾ വിജയിച്ചാൽ തെലങ്കാനയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.