ജോയിയുടെ മരണത്തിന് ഇന്ത്യൻ റെയിൽവേ ഉത്തരവാദി: മന്ത്രി വി ശിവൻകുട്ടി

Anjana

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മരണത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ജോയിയുടെ മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യൻ റെയിൽവേക്ക് തന്നെയാണെന്ന് മന്ത്രി പറഞ്ഞു. പരമാവധി നഷ്ടപരിഹാരം നൽകാനും റെയിൽവേ പരിസരം വൃത്തിയാക്കാൻ എത്രയും വേഗം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റെയിൽവേ ഏൽപ്പിച്ച കരാറുകാരൻ കൊണ്ടുവന്നത് ആകെ മൂന്നു തൊഴിലാളികളെയാണെന്നും അത്രയും പേരെ കൊണ്ട് അവിടെ ഒരു ശുചീകരണവും നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മറ്റൊരു ഏജൻസിക്കും റെയിൽവേ പരിസരം ശുചീകരിക്കാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേ കാര്യങ്ങൾ ചെയ്യുന്നതിൽ വീഴ്ച കാണിക്കൽ പതിവാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മഴക്കാല പൂർവ ശുചീകരണം നടന്നില്ല എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ, ആരോഗ്യ മന്ത്രിമാരെ കുറ്റം പറയുന്നതിനു പകരം മരണപെട്ടയാളുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച് ബുധനാഴ്ച മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.