വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങുകയാണ്. എട്ടുമണിയോടെ കപ്പൽ തുറമുഖം വിടുമെന്ന് അധികൃതർ അറിയിച്ചു. 1323 കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയശേഷം 607 കണ്ടെയ്നറുകളുമായി കൊളംബോ തുറമുഖത്തേക്കാണ് സാൻ ഫെർണാണ്ടോ പോകുന്നത്. കണ്ടെയ്നറുകൾ ഇറക്കാൻ എടുത്ത സമയമാണ് മടക്കയാത്ര വൈകാൻ കാരണമായത്.
കപ്പൽ തുറമുഖം വിട്ടയുടൻ ചരക്കെടുക്കാൻ ആദ്യ ഫീഡർ കപ്പലായ മാരിൻ ആസൂർ എത്തും. അടുത്തദിവസം സീസ്പൻ സാൻഡോസ് എന്ന മറ്റൊരു ഫീഡർ കപ്പലും എത്തുമെന്ന് അധികൃതർ അറിയിച്ചു. ഈ കപ്പലുകൾ മുംബൈ, ഗുജറാത്ത് തുറമുഖങ്ങളിലേക്കാണ് ചരക്ക് കൊണ്ടുപോകുന്നത്. 400 മീറ്റർ നീളമുള്ള കൂറ്റൻ മദർഷിപ്പും ഉടൻ വിഴിഞ്ഞത്തെത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
പതിനൊന്നാം തീയതി ബെർത്തിൽ അടുത്ത കപ്പൽ എത്തുമെന്നും 12ന് അത് മടങ്ങുമെന്നും നേരത്തെ അറിയിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം സജീവമാകുന്നതോടെ കേരളത്തിന്റെ സമുദ്ര വ്യാപാര മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുമെന്നാണ് വിലയിരുത്തൽ.