ആമയിഴഞ്ചാന്‍ അപകടം: റെയില്‍വെ മന്ത്രിക്ക് എംപി എ എ റഹീം കത്തയച്ചു

Anjana

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ തൊഴിലാളി ജോയിയുടെ സംഭവത്തില്‍ റെയില്‍വെ മന്ത്രിക്ക് രാജ്യസഭാ എംപി എ എ റഹീം കത്തയച്ചു. അടിയന്തര അന്വേഷണവും ജോയിയുടെ മൃതദേഹം കണ്ടെത്താന്‍ റെയില്‍വെയുടെ ഇടപെടലും ആവശ്യപ്പെട്ടാണ് കത്ത്.

റെയില്‍വെയുടെ ഭാഗത്തുനിന്ന് രക്ഷാപ്രവര്‍ത്തനത്തിന് നിസ്സഹകരണമുണ്ടായെന്ന് റഹീം വിമര്‍ശിച്ചു. രാപ്പകല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടും റെയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്നും, തോട് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ റെയില്‍വെയ്ക്ക് കത്ത് നല്‍കിയിട്ടും അധികൃതര്‍ അനങ്ങിയില്ലെന്നും കത്തില്‍ പറയുന്നു. റെയില്‍വെയുടെ വീഴ്ചയില്‍ സമഗ്രാന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, ജോയിയെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ആമയിഴഞ്ചാന്‍ തോട്ടില്‍ രക്ഷാദൗത്യത്തിന് നേവി എത്തുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. കൊച്ചില്‍ നിന്ന് സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.