ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായി തെരച്ചിൽ തുടരുന്നു; റോബോട്ടിക് ക്യാമറയിൽ മനുഷ്യശരീരം കണ്ടെത്തിയില്ല

Anjana

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി തെരച്ചിൽ തുടരുകയാണ്. റോബോട്ടിക് യന്ത്രത്തിന്റെ ക്യാമറയിൽ പതിഞ്ഞത് മനുഷ്യശരീരമല്ലെന്ന് സ്‌കൂബാ ടീം അറിയിച്ചു. ക്യാമറയിൽ കണ്ടത് മാലിന്യമാണെന്നും നിലവിൽ ഒന്നും കണ്ടെത്തിയില്ലെന്നും അവർ വ്യക്തമാക്കി.

രണ്ടാം ദിവസവും തെരച്ചിൽ ഊർജിതമായി തുടരുകയാണ്. എൻഡിആർഎഫിന്‍റെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. ഫയര്‍ഫോഴ്സിന്‍റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിര്‍ത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പത്തു മീറ്റര്‍ ഉള്ളിലായാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഇവിടേക്കാണ് സ്കൂബ ടീം പോയത്. കൂടുതൽ പരിശോധന നടത്തുമെന്നും തെരച്ചിൽ കൂടുതൽ വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. രണ്ടു തവണ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും അവർ കൂട്ടിച്ചേർത്തു. ജോയിയെ കണ്ടെത്താനുള്ള തെരച്ചിൽ 28 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്.