കേരളത്തിൽ ശക്തമായ മഴ തുടരും; 11 ജില്ലകളിൽ മുന്നറിയിപ്പ്

Anjana

കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. മലയോര മേഖലയിലും കനത്ത മഴ പ്രതീക്ഷിക്കുന്നു.

മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേരള-തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. നാളെയും മറ്റന്നാളും 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നു. വടക്കൻ കേരളത്തിലെ പല ജില്ലകളിലും ഓറഞ്ച് അലർട്ട് തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.