കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയുടെയും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം. കേരള തീരത്ത് പടിഞ്ഞാറൻ/വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതും മഴയ്ക്ക് കാരണമാകുന്നു.
മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂലൈ 13 മുതൽ 17 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതും മഴയുടെ തീവ്രത വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.