യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ യുവമോർച്ചക്കാർ വോട്ടുചെയ്തെന്ന് യദു കൃഷ്ണൻ

Anjana

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ യുവമോർച്ചക്കാർ വോട്ടുചെയ്തെന്ന ഗുരുതര ആരോപണവുമായി ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയ യദു കൃഷ്ണൻ രംഗത്തെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢന് വേണ്ടി 400 വോട്ടുകളാണ് യുവമോർച്ചക്കാർ ചെയ്തതെന്നാണ് യദുവിന്റെ ആരോപണം. താൻ മാത്രം നാൽപതോളം വോട്ടുകൾ പിടിച്ചുകൊടുത്തിട്ടുണ്ടെന്നും എല്ലായിടത്തേയും യുവമോർച്ചയുടെ വോട്ടുകൾ നോക്കിയാൽ 350 മുതൽ 400 വരെ വോട്ടുകൾ വരുമെന്നും യദു പറഞ്ഞു.

സഹായിച്ചിട്ടും തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതുകൊണ്ടാണ് ഇപ്പോൾ താനീ വെളിപ്പെടുത്തൽ നടത്തുന്നതെന്ന് യദു മാധ്യമങ്ങളോട് വ്യക്തമാക്കി. വീട്ടിൽ നിന്നുവരെ വോട്ടുകൾ താൻ ചെയ്യിച്ചിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ഈ ആരോപണം നിഷേധിക്കുകയാണെങ്കിൽ അടുത്ത ദിവസം താൻ ഇതിനുള്ള തെളിവുകളുമായി വരുമെന്നും യദു കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കഞ്ചാവുകേസിൽ പിടിയിലായതിന് പിന്നാലെയാണ് ഈ ആരോപണങ്ങളുമായി യദു രംഗത്തെത്തിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, യദുവിനൊപ്പം പത്തനംതിട്ട സിപിഐഎമ്മിലേക്ക് സ്വീകരിച്ചവരിൽ കാപ്പാ കേസ് പ്രതി കൂടാതെ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയുമുൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. എസ്എഫ്‌ഐ പ്രവർത്തകരായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഐഎമ്മിലെത്തിയത്. കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനെ മന്ത്രി വീണ ജോർജും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ട് സ്വീകരിച്ചതിന്റെ വിവാദം തീരും മുൻപ് കഞ്ചാവ് കേസ് കൂടി പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.