അമേരിക്ക റഷ്യയോടുള്ള ഇന്ത്യയുടെ സഹകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി, യുദ്ധ സമയത്ത് സ്വതന്ത്ര നിലപാട് എന്ന ഒന്നില്ലെന്നും ഒരേ സമയം എല്ലാവരുടെയും സുഹൃത്താകാൻ കഴിയില്ലെന്നും വിമർശിച്ചു. യുദ്ധത്തിനെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിനു പിന്നാലെയാണ് അമേരിക്ക ഈ നിലപാട് സ്വീകരിച്ചത്. ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ ഗാർസെറ്റി, പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം മനസിലാക്കണമെന്നും അഭിപ്രായപ്പെട്ടു. ഡൽഹിയിൽ നടന്ന ഡിഫൻസ് കോൺ ക്ലെവിലാണ് അദ്ദേഹം ഈ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമര് പുടിൻ മോദിക്ക് റഷ്യയിലെ പരമോന്നത ദേശീയ ബഹുമതിയായ ഓഡർ ഓഫ് സെൻറ് ആൻഡ്രു സമ്മാനിച്ചിരുന്നു. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമാണെന്ന് മോദി പ്രതികരിച്ചു. എന്നാൽ, മോദി പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്ന് യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കി ചൂണ്ടിക്കാട്ടി. റഷ്യ-ഉക്രെയ്ൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ആശങ്ക രേഖപ്പെടുത്തിയിരുന്നു.