സിപിഐയിൽ പുതിയ കോഴ വിവാദം ഉയർന്നിരിക്കുകയാണ്. സിവിൽ സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റത്തിന് പാർട്ടി നേതാക്കൾ ഉദ്യോഗസ്ഥരിൽ നിന്നും കോഴ വാങ്ങുന്നതായി പരാതി ഉയർന്നു. സിപിഐ മണ്ഡലം സെക്രട്ടറിമാർക്കെതിരായാണ് ഈ പരാതി. പണം നൽകാൻ വിസമ്മതിച്ച ജോയിൻ കൗൺസിൽ നേതാവിനെ കോന്നിയിൽ നിന്ന് ഹോസ്ദുർഗിലേക്ക് സ്ഥലം മാറ്റിയതായും ആരോപണമുണ്ട്.
ഈ വിവാദത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പാർട്ടി നേതാക്കൾ കത്ത് നൽകിയിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളിൽ നിന്നാണ് പ്രധാനമായും പരാതികൾ ഉയർന്നിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്നുള്ള ലോക്കൽ സെക്രട്ടറിയും എറണാകുളത്ത് നിന്നുള്ള മണ്ഡലം കമ്മിറ്റി അംഗങ്ങളുമാണ് സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.
സിപിഐഎമ്മിലെ പിഎസ്സി കോഴ വിവാദം ഉയർന്നതിന് പിന്നാലെയാണ് സിപിഐയിലും ഈ വിവാദം ഉണ്ടായിരിക്കുന്നത്. തെളിവുകൾ ഹാജരാക്കാമെന്നും പരാതിക്കാർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ അന്വേഷണത്തിനുള്ള സമ്മർദ്ദം ഉയരുന്നുണ്ട്.