വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തിച്ചേർന്നു. മെർസ്കിന്റെ ഈ കപ്പൽ 2000 കണ്ടൈനറുകളുമായാണ് തീരത്തടുക്കുന്നത്. ടഗ് ബോട്ടുകൾ കപ്പലിനെ തുറമുഖത്തോട് അടുപ്പിക്കും. രാവിലെ 9.15 ന് കപ്പൽ ബർത്തിൽ അടുപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ മന്ത്രി, അദാനി പോർട്ട് അധികൃതർ, വിസിൽ അധികൃതർ എന്നിവർ ചേർന്ന് കപ്പലിനെ സ്വാഗതം ചെയ്യും. ട്രയൽ റണ്ണിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരം ജില്ലയിലെ എംപിമാരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കും. ടഗ് ബോട്ടുകൾ വാട്ടർ സല്യൂട്ട് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
കപ്പലിലുള്ള മുഴുവൻ ചരക്കും തുറമുഖത്ത് ഇറക്കി അന്നുതന്നെ സാൻ ഫെർണാണ്ടോ മടങ്ങും. തൊട്ടുപിന്നാലെ രണ്ട് ഫീഡർ കപ്പലുകൾ എത്തി ചരക്കുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. സെപ്റ്റംബർ വരെ നിരവധി മദർഷിപ്പുകളും ഫീഡർഷിപ്പുകളും ചരക്കുനീക്കത്തിന് വിഴിഞ്ഞത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സംഭവം വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിൽ ഒരു നാഴികക്കല്ലാണ്.