സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ സർക്കാരിന് ഒരു നിലപാട് മാത്രമേയുള്ളൂവെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നുണ്ടെന്നും അവർ പറഞ്ഞു. കാലടി സർവകലാശാലയിലെ അശ്ലീല ചിത്രപ്രചരണത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തതായും മന്ത്രി വ്യക്തമാക്കി.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സർക്കാർ ലാഘവത്തോടെ എടുക്കുന്നുവെന്ന് കെ കെ രമ എംഎൽഎ സഭയിൽ ആരോപിച്ചു. പോക്സോ കേസിൽ പ്രതിയായ ആളെ കെസിഎയുടെ തലപ്പത്തേക്ക് കൊണ്ട് വന്നതായും, ഇടതുപക്ഷം ഭരിക്കുന്ന നാടാണിതെന്നും രമ ചൂണ്ടിക്കാട്ടി. എന്നാൽ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർ ആരായാലും ശക്തമായ നടപടിയെടുക്കാനുള്ള ആർജ്ജവം സർക്കാരിനുണ്ടെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.
കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ നടത്തുന്ന അതിക്രമങ്ങളിൽ നേതൃത്വം എന്ത് നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ചോദിച്ചു. തൃക്കാക്കര, പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ആക്രമണങ്ങൾ കണ്ടതായും അവർ പറഞ്ഞു. വടകര തെരഞ്ഞെടുപ്പ് വേളയിൽ കെ കെ ശൈലജക്ക് നേരെ നടന്ന സംഭവവും യൂത്ത് കോൺഗ്രസ് നേതാവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റും മന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ മനോഭാവം മാറേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.