കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതായി കെ കെ രമ എം എൽ എ നിയമസഭയിൽ ആരോപിച്ചു. പൂച്ചാക്കലിൽ പെൺകുട്ടിയെ ആക്രമിച്ച പ്രതി സിപിഐഎമ്മുകാരനാണെന്നും, കുസാറ്റിലും കാലടി കോളജിലും നടന്ന സംഭവങ്ങളിൽ സിപിഐഎം അനുഭാവികളും എസ്എഫ്ഐക്കാരും ഉൾപ്പെട്ടിരുന്നുവെന്നും രമ ചൂണ്ടിക്കാട്ടി. കെസിഎ കോച്ച് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവവും അവർ ഉന്നയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവച്ചതായും, ആരോപണ വിധേയരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രമ കുറ്റപ്പെടുത്തി. ഇരകൾക്ക് പകരം കുറ്റവാളികൾക്കൊപ്പമാണ് സർക്കാർ നിലകൊള്ളുന്നതെന്നും അവർ ആരോപിച്ചു. മുഖ്യമന്ത്രി സഭയിൽ മറുപടി പറയാത്തത് തന്നെ ഇതിന് ഉദാഹരണമാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് രമ പറഞ്ഞു.
എന്നാൽ, മുഖ്യമന്ത്രിക്കുവേണ്ടി മറുപടി നൽകിയ മന്ത്രി വീണ ജോർജ്, പൂച്ചാക്കൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ടെന്നും രണ്ട് പ്രതികൾ അറസ്റ്റിലായതായും അറിയിച്ചു. കാലടി കോളജിലെ സംഭവത്തിലും പ്രതിയെ അറസ്റ്റ് ചെയ്തതായി വീണ പറഞ്ഞു. കുറ്റകൃത്യങ്ങളോട് സർക്കാരിന് ഒരേ നിലപാടാണുള്ളതെന്നും, മുഖംനോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കെസിഎയിലെ കുട്ടികളെ പീഡിപ്പിച്ച കോച്ച് ഇപ്പോൾ ജയിലിലാണെന്നും അവർ കൂട്ടിച്ചേർത്തു.