നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് പ്രധാനമായും കോളറ പരത്തുന്നത്. മലിനമായ ഭക്ഷണത്തിലും ജലത്തിലുമാണ് ഈ ബാക്ടീരിയ കണ്ടു വരുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ താമസിക്കുന്നവർക്ക് കോളറ വരാനുള്ള സാധ്യത കൂടുതലാണ്.
ഛർദ്ദി, അമിതമായ ക്ഷീണം, മനംമറിച്ചിൽ, കുഴിഞ്ഞ കണ്ണുകൾ, വരണ്ട വായ, അമിത ദാഹം, വരണ്ട ചർമം, മൂത്രമില്ലാത്ത അവസ്ഥ, കുറഞ്ഞ രക്തസമ്മർദം, താളം തെറ്റിയ ഹൃദയമിടിപ്പ് എന്നിവയെല്ലാം കോളറയുടെ ലക്ഷണങ്ങളാണ്. അതിസാരത്തിനും ശരീരത്തിന്റെ അത്യധികമായ നിർജലീകരണത്തിനും കാരണമാകുന്ന ബാക്ടീരിയൽ രോഗമാണ് കോളറ. സമയത്തിന് ചികിത്സിച്ചില്ലെങ്കിൽ രോഗിയുടെ മരണത്തിനു വരെ ഇത് കാരണമാകാം.
കോളറയെന്ന ജലജന്യ രോഗം തടയുന്നതിന് ചില മുൻകരുതലുകൾ അവലംബിക്കാം. പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കി തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക. ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങൾ ശുചിയായി സൂക്ഷിക്കുക. ശരിയായി പാകം ചെയ്യാത്ത കടൽ മത്സ്യങ്ങൾ, പ്രത്യേകിച്ച് കക്കയിറച്ചി ഒഴിവാക്കുക. കഴിക്കുന്നതിന് മുൻപ് കൈകൾ സോപ്പിട്ട് നന്നായി കഴുകുക. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനു മുൻപ് നന്നായി കഴുകി വൃത്തിയാക്കുക. ശുചിമുറികൾ ഇടയ്ക്കിടെ അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കുക.