കെഎസ്യു നിയമസഭാ മാർച്ചിൽ സംഘർഷം; സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Anjana

എസ്എഫ്ഐ അതിക്രമത്തിനും സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കുമെതിരെ കെഎസ്യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം ഉടലെടുത്തു. മാർച്ചിനിടെ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെയും മറ്റു നേതാക്കളെയും പോലീസ് ക്രൂരമായി മർദ്ദിച്ചു. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെഎസ്യു വൈസ് പ്രസിഡന്റ് എം.ജെ യദുകൃഷ്ണൻ അറിയിച്ചു.

പ്രതിപക്ഷ നേതാവ് മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകർ ബാരിക്കേഡ് തള്ളിയിട്ട് മുന്നേറാൻ ശ്രമിച്ചു. പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. എംജി റോഡ് ഉപരോധിച്ച പ്രവർത്തകരും പോലീസും തമ്മിൽ കൈയാങ്കളിയായി. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിൽ കെഎസ്യു പ്രവർത്തകർക്കും മൂന്നു പോലീസുകാർക്കും പരുക്കേറ്റു. പരുക്കേറ്റ അലോഷ്യസിനെ ആശുപത്രിയിലേക്ക് മാറ്റി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചും, യൂണിറ്റ് തലങ്ങളിൽ കരിദിനമാചരണവും നടത്തുമെന്ന് യദുകൃഷ്ണൻ വ്യക്തമാക്കി. കെഎസ്യു പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ കഴിയില്ലെന്നും, സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.