ഹാഥ്റസ് ദുരന്തം: ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, എസ്‌ഐടി റിപ്പോർട്ട് സമർപ്പിച്ചു

Anjana

ഹാഥ്റസ് ദുരന്തത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകി. സിക്കന്ദർ റാവു സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സർക്കിൾ ഓഫീസർ, എസ്.എച്ച്.ഒ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

300 പേജുള്ള എസ്‌ഐടി റിപ്പോർട്ടിൽ, സംഘാടകർ സ്ഥലത്ത് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും, സംഘാടകരുടെയും പൊലീസുൾപ്പെടെയുള്ള പ്രാദേശിക ഉദ്യോഗസ്ഥരുടെയും അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥർ സംഭവത്തെ ഗൗരവമായി എടുത്തില്ലെന്നും, എസ്.ഡി.എം വേദി പരിശോധിക്കുകയോ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആൾദൈവം ഭോലെ ബാബയുടെ പേര് ഒഴിവാക്കിയാണ് റിപ്പോർട്ട് സമര്‍പ്പിച്ചത്. ജൂലൈ രണ്ടിന് നടന്ന സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 121 പേര്‍ മരിച്ചത്. 80,000 പേരെയാണ് സത്സംഗ് പ്രാർഥനാ സംഗമത്തിൽ പ്രതീക്ഷിച്ചിരുന്നതെങ്കിലും രണ്ടര ലക്ഷം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. സംഭവത്തിനു ശേഷം ബാബ ഒളിവിലാണ്. സത്സംഗിന്‍റെ സംഘാടകനായ മുഖ്യപ്രതി ദേവപ്രകാശ് മധുകറിനെ പൊലീസ് അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.