എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ അതിതീവ്രമായ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്തെ മൊത്തം ഡെങ്കി കേസുകളിൽ 54 ശതമാനവും എറണാകുളം ജില്ലയിലാണ്. ശനിയാഴ്ച മാത്രം 86 പുതിയ ഡെങ്കി കേസുകൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
കളമശേരി നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു ദിവസം മാത്രം കളമശേരിയിൽ 21 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തമ്മനം പ്രദേശത്ത് എട്ടുപേർക്കും ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ 22 മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ, ജില്ലയിൽ രണ്ടുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച 22 ശതമാനം മാത്രമായിരുന്ന ഡെങ്കി ബാധിതരുടെ എണ്ണം ശനിയാഴ്ച കഴിഞ്ഞതോടെ കുത്തനെ ഉയർന്നിരിക്കുന്നു. വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നതിനിടെയാണ് ഡെങ്കു കേസുകൾ ജില്ലയിൽ വർധിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.