പെരുമൺ ദുരന്തത്തിന്റെ മുപ്പത്തിയാറാം വാർഷികം ഇന്ന് ആചരിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടത്തിൽ 105 പേരാണ് ജീവൻ നഷ്ടമായത്. മൂന്നു പതിറ്റാണ്ടുകൾക്കു ശേഷവും ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ പെരുമൺകാരെ വിട്ടുമാറിയിട്ടില്ല.
1988 ജൂലൈ എട്ടിനാണ് രാജ്യത്തെ ഞെട്ടിച്ച ഈ ദുരന്തം സംഭവിച്ചത്. ഉച്ചയ്ക്ക് അഷ്ടമുടികായലിനു കുറുകെയുള്ള പെരുമൺ റെയിൽപാലത്തിൽ വെച്ച് ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഐലൻഡ് എക്സ്പ്രസ് പാളം തെറ്റി കായലിൽ പതിച്ചു. പതിനാലു കോച്ചുകളുള്ള തീവണ്ടിയിൽ ഒൻപതു കോച്ചുകളാണ് കായലിൽ വീണത്.
യാത്രക്കാരുടെ സ്വപ്നങ്ങൾ നിമിഷനേരം കൊണ്ട് തകർന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ വള്ളങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും, നേർത്ത മഴയും പ്രതികൂല സാഹചര്യങ്ങളും തടസ്സമായി. ഇപ്പോഴും അതേ പാതയിലൂടെ അതേ നമ്പറിൽ ഐലൻഡ് എക്സ്പ്രസ് ഓടുമ്പോൾ പ്രദേശവാസികളുടെ മനസ്സിൽ ഒരു ഞെട്ടലുണ്ടാകുന്നു.
അപകട കാരണം കണ്ടെത്താൻ കേന്ദ്ര സർക്കാർ കമ്മീഷനെ നിയോഗിച്ചു. ടൊർണാഡോ ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്ന കമ്മീഷൻ റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിവെച്ചു. പുതിയ കമ്മീഷനും ഇതേ നിഗമനം ആവർത്തിച്ചെങ്കിലും, അപകടത്തിന്റെ യഥാർത്ഥ കാരണം ഇന്നും വെളിപ്പെടാത്ത സത്യമായി തുടരുന്നു.











