കേരളത്തിലെ റേഷൻ വ്യാപാരികൾ ഇന്ന് മുതൽ രണ്ടുദിവസത്തെ സമരം ആരംഭിക്കും. റേഷൻ മേഖലയോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെയാണ് ഈ സമരം. രാവിലെ എട്ടുമണി മുതൽ നാളെ വൈകിട്ട് 5 മണി വരെ റേഷൻ കടകൾ അടഞ്ഞുകിടക്കും. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുമ്പിൽ റേഷൻ വ്യാപാരികൾ രാപ്പകൽ സമരം നടത്തും.
റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ നൽകുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെ ടി പി ഡി എസ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കഴിഞ്ഞദിവസം മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
സിഐടിയു നേതാവ് ടി പി രാമകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും. ഇന്നലെയും ശനിയാഴ്ചയും അവധി കാരണം റേഷൻ കടകൾ തുറന്നിരുന്നില്ല. ജൂലൈ മാസത്തെ റേഷൻ വിതരണവും ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, രണ്ടുദിവസത്തെ സമരം പൊതുജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.