കെഎസ്ഇബി ഓഫീസ് ജീവനക്കാരെ അജ്മൽ മർദിച്ചിട്ടില്ലെന്ന് മാതാവ് മറിയം ട്വന്റിഫോർ ന്യൂസ് ഈവനിംഗിൽ വെളിപ്പെടുത്തി. അജ്മൽ മടങ്ങിയ ശേഷം ഓഫീസ് അടിച്ച് തകർത്തത് കെഎസ്ഇബി ജീവനക്കാർ തന്നെയാണെന്ന് മറിയം ആരോപിച്ചു. തന്റെ മക്കൾ അതിക്രമം കാണിച്ചിട്ടുണ്ടെങ്കിൽ തെളിയിക്കാൻ കെഎസ്ഇബി തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
മറ്റൊരാളെ ബില്ല് അടക്കാൻ ഏൽപ്പിച്ചിരുന്നുവെന്നും ഫ്യൂസ് ഊരാൻ വന്നപ്പോഴാണ് ബില്ല് അടച്ചിട്ടില്ലെന്ന് മനസിലായതെന്നും മറിയം വിശദീകരിച്ചു. കെഎസ്ഇബി അറിയിപ്പ് ഒന്നും നൽകിയിരുന്നില്ലെന്നും വെദ്യുതി വിച്ഛേദിച്ചതിന് പിന്നാലെ ബില്ല് ഓൺലൈനായി അടച്ചിരുന്നെന്നും അവർ വ്യക്തമാക്കി.
എന്നാൽ, ആക്രമിക്കില്ലെന്ന് ഉറപ്പു ലഭിച്ചാൽ വൈദ്യുതി കണക്ഷൻ ഇന്നുതന്നെ പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കി. ബില്ലടയ്ക്കാതെ കണക്ഷൻ വിച്ഛേദിക്കാൻ എത്തുമ്പോൾ വാക്ക് തർക്കവും ഭീഷണിയും പതിവാണെന്നും ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കെഎസ്ഇബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവൻ ഈടാക്കുമെന്നും ചെയർമാൻ അറിയിച്ചു.