കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന കാരണത്താൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബി പ്രതികരിച്ചു. ആക്രമിക്കില്ലെന്ന് ഉറപ്പു ലഭിച്ചാൽ വൈദ്യുതി കണക്ഷൻ അന്നുതന്നെ പുനഃസ്ഥാപിക്കുമെന്ന് കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കി. ഇതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
ആക്രമിച്ച വ്യക്തിയുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകൾ ഉണ്ടെന്നും അതിൽ പത്തെണ്ണം കൊമേഴ്സ്യൽ കണക്ഷനുകളാണെന്നും കെഎസ്ഇബി വ്യക്തമാക്കി. ബിൽ അടയ്ക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കാൻ എത്തുമ്പോൾ വാക്കുതർക്കവും ഭീഷണിയും പതിവാണെന്ന് കെഎസ്ഇബി പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കെഎസ്ഇബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവൻ ഈടാക്കുമെന്നും ചെയർമാൻ അറിയിച്ചു.
യു.സി. അജ്മൽ ഉള്ളാട്ടിൽ എന്ന യുവാവിന്റെ വീട്ടിലെ കണക്ഷനാണ് കെഎസ്ഇബി വിച്ഛേദിച്ചത്. കെഎസ്ഇബി സിഎംഡിയുടെ നിർദ്ദേശപ്രകാരമാണ് കണക്ഷൻ വിച്ഛേദിച്ചതെന്നാണ് റിപ്പോർട്ടുകൾ. അജ്മലിന്റെ വീട്ടിലെ ബിൽ ഓൺലൈനായി അടച്ചിട്ടും കണക്ഷൻ വിച്ഛേദിച്ചെന്നാണ് പരാതി. ഇതിന്റെ പേരിലാണ് യുവാവും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്.