കേരള ക്രിക്കറ്റ് അസോസിയേഷനിലെ (കെ.സി.എ) പരിശീലകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. ഇത്തരം സംഭവം ഉണ്ടാകാനിടയായ സാഹചര്യം വിശദീകരിക്കണമെന്ന് കെ.സി.എയ്ക്ക് നോട്ടീസ് നൽകി. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി.
പീഡന കേസിൽ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വർഷമായി കെ.സി.എയിൽ പരിശീലകനായിരുന്നു. തെങ്കാശിയിൽ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾ പോക്സോ കേസിൽ പ്രതിയായി റിമാന്റിലാണ്. കുട്ടികളുടെ നഗ്ന ചിത്രം പകർത്തിയെന്നും ആരോപണമുണ്ട്. കുട്ടികളും രക്ഷിതാക്കളും സംഭവത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലാണ്.
എന്നാൽ ഇതൊന്നും കെ.സി.എ അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഒരു പെൺകുട്ടി പരാതിയുമായി വന്നതോടെ കൂടുതൽ കുട്ടികൾ പരാതി നൽകുകയായിരുന്നു. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. ഈ ഗുരുതരമായ ആരോപണങ്ങളിൽ കെ.സി.എയുടെ വിശദീകരണം പ്രതീക്ഷിക്കുന്നു.