കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് അക്രമിച്ച പ്രതിയുടെ പിതാവിൻറെ പേരിലുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. രണ്ടാം തവണയും വൈദ്യുതി വിച്ഛേദിച്ചതോടെ അജ്മലിന്റെ മാതാപിതാക്കൾ കെഎസ്ഇബി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. കണക്ഷൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് അവർ പ്രതികരിച്ചു.
ജീവനക്കാരെ ആക്രമിക്കില്ലെന്ന് മാതാപിതാക്കളും പോലീസും ഉറപ്പു നൽകിയാൽ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. പ്രതിഷേധത്തിനിടയിൽ കുഴഞ്ഞുവീണ പിതാവ് റസാക്ക് ചികിത്സ തേടി. വൈദ്യുതി കണക്ഷൻ ലഭിക്കും വരെ പ്രതിഷേധം തുടരുമെന്ന് മാതാവ് മറിയം വ്യക്തമാക്കി.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി സ്വദേശി സെയ്തലവി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കേട്ടത് ശരിയാണെങ്കിൽ നടന്നത് ദൗർഭാഗ്യകരമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് കെ എസ് ഇ ബി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും അറിയിച്ചു.