ഡബ്ല്യൂഡബ്ല്യൂഇ ഇതിഹാസം ജോണ്‍ സീന 2025ല്‍ പ്രൊഫഷണല്‍ റെസ്‌ലിംഗില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു. കാനഡയിലെ മണി ഇന്‍ ദി ബാങ്ക് പരിപാടിക്കിടെയാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്. 2025ലെ റോയല്‍ റമ്പിള്‍, എലിമിനേഷന്‍ ചേമ്പര്‍, ലാസ് വെഗാസിലെ റെസല്‍മാനിയ 41 എന്നിവയായിരിക്കും ഡബ്ല്യൂഡബ്ല്യൂഇയില്‍ സീനയുടെ അവസാന മത്സരങ്ങള്‍.
2001-ല്‍ ഡബ്ല്യുഡബ്ല്യുഇയില്‍ അരങ്ങേറിയ ജോൺ സീന 16 വട്ടം ലോക ചാമ്പ്യനായി റെക്കോഡ് നേട്ടം സ്വന്തമാക്കി. 2000-ത്തിന്റെ തുടക്കം മുതല്‍ 2010 കാലം വരെ ഡബ്ല്യുഡബ്ല്യുഇയുടെ മുഖമായിരുന്നു അദ്ദേഹം. അഞ്ച് തവണ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യനും രണ്ട് തവണ വീതം ടാഗ് ടീം ചാമ്പ്യനും വേള്‍ഡ് ടാഗ് ടീം ചാമ്പ്യനുമായി. കൂടാതെ രണ്ടുവട്ടം റോയല്‍ റമ്പിളും ഒരു തവണ മണി ഇന്‍ ദി ബാങ്കും സ്വന്തമാക്കി.
എക്കാലത്തെയും മികച്ച പ്രഫഷനല്‍ റസ്‌ലറായി കണക്കാക്കപ്പെടുന്ന സീന ഇപ്പോൾ സിനിമയിലാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 2006ല്‍ നടനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. സിനിമാ-ടെലിവിഷന്‍ ഷോ തിരക്കുകളെ തുടര്‍ന്ന് 2018 മുതല്‍ ഭാഗികമായാണ് ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായിരിക്കുന്നത്.