മലപ്പുറം എടപ്പാളിൽ തൊഴിലാളികളെ അക്രമിച്ചെന്ന പരാതിയിൽ സിഐടിയു വിശദീകരണം നൽകി. സംഘർഷമുണ്ടായിട്ടില്ലെന്ന് ചുമട്ടുതൊഴിലാളി യൂണിയൻ മലപ്പുറം ജില്ലാ പ്രസിഡന്റ് എം വി ഫൈസൽ വ്യക്തമാക്കി. കരാർ തൊഴിലാളികളുമായി സംസാരിച്ച് മടങ്ങുമ്പോഴാണ് ഒരാൾ വീണുകിടക്കുന്നത് കണ്ടതെന്നും, ഇയാളെ ആശുപത്രിയിലെത്തിച്ചത് സിഐടിയു പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷമോ വാക്കേറ്റമോ ബഹളമോ അടിപിടിയോ ഒന്നും അവിടെ ഉണ്ടായിട്ടില്ലെന്നും തൊഴിൽ നഷ്ടം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഫൈസൽ വ്യക്തമാക്കി. എന്നാൽ, സംഭവത്തിൽ സിഐടിയു പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന പത്ത് പേർക്ക് എതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം എടപ്പാളിൽ ലോറിയിൽ നിന്ന് ചുമട്ട് തൊഴിലാളികൾ അറിയാതെ ജീവനക്കാർ ലോഡ് ഇറക്കിയതിന് സിഐടിയുക്കാർ മർദിച്ചതായി പരാതി ഉയർന്നിരുന്നു. അക്രമത്തിനിടെ ഭയന്നോടിയ പത്തനാപുരം സ്വദേശി ഫായിസ് ഷാജഹാൻ കെട്ടിടത്തിൽ നിന്ന് അടുത്ത കെട്ടിടത്തിലേക്ക് ചാടിയപ്പോഴാണ് പരുക്കേറ്റത്. യുവാവ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഫായിസ് ഷാജഹാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചങ്ങരംകുളം പൊലീസ് കേസ് എടുത്തത്.