കേരളത്തിലെ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്ന് സ്വർണം പവന് 520 രൂപയും ഒരു ഗ്രാം സ്വർണത്തിന് 65 രൂപയുമാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വർണം പവന് 54,120 രൂപയും ഒരു ഗ്രാം സ്വർണത്തിന് 6,765 രൂപയുമാണ് ഇന്നത്തെ വിൽപ്പന നിരക്ക്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഇത്തരത്തിൽ കുതിച്ചുയരുന്നത്.
അന്താരാഷ്ട്ര തലത്തിൽ സ്വർണവില ഉയരാൻ കാരണമാകുന്നത് ചില രാജ്യങ്ങൾ ഡോളറിന്റെ കുതിപ്പിനെ പിടിച്ചുകെട്ടാൻ ഡി ഡോളറൈസേഷൻ നടത്തുന്നതിന്റെ ഭാഗമായി സ്വർണം ശേഖരിക്കുന്നതാണ്. സ്വർണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് സ്വർണ വ്യാപാരികൾ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കപ്പെട്ടാൽ രാജ്യത്ത് വരുംദിവസങ്ങളിൽ സ്വർണവില കുറഞ്ഞേക്കും.
ഈ മാസമാദ്യം വില 53,000 രൂപയിൽ താഴെ പോയതിന് ശേഷമാണ് വീണ്ടും വിലയിൽ വർധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയർന്ന നിലയിലേക്ക് സ്വർണവില ഉയർന്നിരുന്നു. ഇപ്പോഴത്തെ വില വർധനവ് ആ നിരക്കിനേക്കാൾ ഉയർന്നതാണ്.