കേരളത്തിൽ പ്ലസ് വൺ പ്രവേശന പ്രതിസന്ധി തുടരുന്നു; മലപ്പുറത്ത് സ്ഥിതി ഗുരുതരം

Anjana

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി തുടരുകയാണ്. ആകെ 57,712 അപേക്ഷകരാണുള്ളത്, ഇതിൽ മലപ്പുറത്തെ 16,881 അപേക്ഷകരും ഉൾപ്പെടുന്നു. പാലക്കാട് 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരുണ്ട്. മലപ്പുറത്ത് 16,881 അപേക്ഷകർ ഉണ്ടെങ്കിലും 6,937 സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്, അതായത് 9,000-ത്തിലധികം സീറ്റുകളുടെ കുറവുണ്ട്.

സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നൽകാനുള്ള സമയം കഴിഞ്ഞിട്ടും അപേക്ഷകളുടെ കണക്കുകൾ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടിരുന്നില്ല. പുറത്തു വിട്ട കണക്കിൽ, മലബാറിലെ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുമെന്ന സൂചനയാണുള്ളത്. അപേക്ഷകരുടെ എണ്ണം നോക്കി കൂടുതൽ താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ എല്ലാവർക്കും സീറ്റ് കിട്ടുമോയെന്നതിൽ ആശങ്ക തുടരുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ കമ്മീഷൻ ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. മലപ്പുറത്തെ 24 സർക്കാർ സ്കൂളുകളിലെ പരിശോധന പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കിയത്. കമ്മീഷൻ അംഗങ്ങളായ ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ്‌ ഡയറക്ടർ ആർ. സുരേഷ് കുമാർ, മലപ്പുറം ആർഡിഡി ഡോ. പിഎം അനില്‍ എന്നിവർ നേരിട്ട് തിരുവനന്തപുരത്ത് വെച്ച് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് കൈമാറും.