തെലങ്കാനയിൽ ബി.ആർ.എസിന് തിരിച്ചടി: ആറ് എംഎൽസിമാർ കോൺഗ്രസിൽ ചേർന്നു

Anjana

തെലങ്കാനയിൽ ബി.ആർ.എസിന് വീണ്ടും തിരിച്ചടി നേരിട്ടു. ആറ് എംഎൽസിമാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ദാണ്ടേ വിട്ടൽ, ഭാനുപ്രസാദ് റാവു, എം.എസ് പ്രഭാകർ, ബൊഗാരപ്പു ദയാനന്ദ്, യഗ്ഗ മല്ലേഷം, ബസവരാജു സരയ്യ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിച്ചത്. നേരത്തെ ബി.ആർ.എസിന്റെ അഞ്ച് എംഎൽഎമാരും പാർട്ടി വിട്ട് കോൺഗ്രസിൽ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം മുതിർന്ന ബി.ആർ.എസ് നേതാവും രാജ്യസഭാ എം.പിയുമായ കെ. കേശവ റാവുവും കോൺഗ്രസിൽ ചേർന്നിരുന്നു. 2013-ൽ കോൺഗ്രസ് വിട്ട കേശവറാവു, പ്രത്യേക തെലങ്കാന സംസ്ഥാനത്തിന്റെ ശക്തനായ വക്താവായിരുന്നു. യു.പി.എ സർക്കാർ പുതിയ സംസ്ഥാനം പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ബി.ആർ.എസിൽ ചേർന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിലാണ് കേശവ റാവു കോൺഗ്രസിൽ പുനഃപ്രവേശനം നേടിയത്. ഈ സംഭവങ്ങൾ തെലങ്കാനയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് കരുതപ്പെടുന്നു.