മാള സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപത്തുക മടക്കി നൽകുന്നില്ലെന്ന പരാതി ഉയർന്നിരിക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന ഈ ബാങ്കിനെതിരെ വലിയപറമ്പ് സ്വദേശി പുന്നക്ക പറമ്പിൽ അജിത് കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്. നാലു ലക്ഷത്തി എൺപതിനായിരം രൂപയാണ് അജിത് കുമാർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ഈ തുക മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഓരോ ദിവസവും ഓരോ ലക്ഷം രൂപ വീതം നൽകാമെന്നാണ് ബാങ്ക് മറുപടി നൽകിയത്. മൂന്നുലക്ഷം രൂപ അങ്ങനെ മടക്കി നൽകിയെങ്കിലും ബാക്കി തുക ചോദിച്ചപ്പോൾ വിചിത്രമായ മറുപടിയാണ് ലഭിച്ചത്. പണം ചോദിച്ചപ്പോൾ ബാങ്ക് ഭരണസമിതി അംഗങ്ങൾ വീട്ടിലെത്തി പരിശോധന നടത്തി ആവശ്യമുണ്ടെങ്കിൽ പണം നൽകാമെന്നാണ് പറഞ്ഞതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. ഏറെക്കാലമായി കോൺഗ്രസ് ഭരിക്കുന്ന ഈ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നുവന്നതായി സഹകരണ വകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിക്ഷേപത്തുക മടക്കി നൽകുന്നില്ലെന്ന പരാതിയും ഉയരുന്നത്. ബാങ്കിൽ നിന്നും നിക്ഷേപങ്ങൾ പിൻവലിക്കാനെത്തുന്ന നിരവധി പേരാണ് പണം ലഭിക്കാത്തതിനെ തുടർന്ന് പരാതിയുമായി രംഗത്തെത്തുന്നത്.