കങ്കണ റണൗട്ടിനെ തല്ലിയ സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവീന്ദർ കൗർ ഇപ്പോഴും സസ്പെൻഷനിൽ; വകുപ്പുതല അന്വേഷണം തുടരുന്നു

Anjana

ചണ്ഡീഗഢ് വിമാനത്താവളത്തിൽ വച്ച് എംപിയും സിനിമാതാരവുമായ കങ്കണ റണൗട്ടിനെ തല്ലിയ സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെ ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ, സിഐഎസ്എഫ് ഈ വാർത്തകൾ നിഷേധിച്ചു. കുൽവീന്ദർ ഇപ്പോഴും സസ്പെൻഷനിൽ ആണെന്നും അവർക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും സിഐഎസ്എഫ് വ്യക്തമാക്കി.

ജൂൺ ആറിനാണ് സംഭവം നടന്നത്. ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ ബിജെപിക്കുവേണ്ടി മത്സരിച്ചു വിജയിച്ച കങ്കണ ഡൽഹിയിലേക്ക് പോകാനായി ചണ്ഡീഗഢിലെ ഷഹീദ് ഭഗത് സിങ് എയർപോർട്ടിലെത്തിയപ്പോഴാണ് കുൽവീന്ദർ കൗർ അവരെ മുഖത്തടിച്ചത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കുൽവീന്ദറിനെ സസ്പെൻഡ് ചെയ്യുകയും ഐപിസി 323, 341 വകുപ്പുകൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കർഷകരോട് അനാദരവ് കാണിച്ചെന്നും തൻ്റെ അമ്മയടക്കം പങ്കെടുത്ത സമരത്തെ അപമാനിച്ചെന്നുമാണ് കങ്കണയെ മർദ്ദിച്ചതെന്ന് കുൽവീന്ദർ കൗർ പിന്നീട് വ്യക്തമാക്കി. 2020-21ലെ കർഷക സമരത്തെക്കുറിച്ച് കങ്കണ നടത്തിയ വിവാദ പ്രസ്താവനയോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്നായിരുന്നു കുൽവീന്ദറിൻ്റെ വാദം.

സംഭവത്തെക്കുറിച്ച് കങ്കണ പ്രതികരിച്ചത് പഞ്ചാബിൽ ഭീകരത വളരുകയാണെന്നും പഞ്ചാബിൽ വർധിച്ചുവരുന്ന ഭീകരവാദത്തിലും തീവ്രവാദത്തിലും ആശങ്കയുണ്ടെന്നുമായിരുന്നു. ഇതും വലിയ വിവാദമായി മാറി. ഇപ്പോൾ, കുൽവീന്ദർ കൗറിനെതിരായ വകുപ്പുതല അന്വേഷണം തുടരുകയാണെന്ന് സിഐഎസ്എഫ് അറിയിച്ചിട്ടുണ്ട്.