രാജ്യം വിടാൻ നിയമപരമായ വഴികൾ പലതുമുണ്ടെങ്കിലും, അവയെല്ലാം അടഞ്ഞാൽ ചിലർ നിയമവിരുദ്ധമായ മാർഗങ്ൾ തേടാറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ ഡൽഹി വിമാനത്താവളത്തിൽ അരങ്ങേറിയത്.
അമേരിക്കയിലേക്ക് കടക്കാനായി ആൾമാറാട്ടം നടത്തി എത്തിയ അഹമ്മദാബാദ് സ്വദേശി ഗുരു സേവക് സിങ്ങും ഭാര്യ അർച്ചന കൗറും സുരക്ഷാ ജീവനക്കാരുടെ പിടിയിലായി. യുപിയിലെ ബിജ്നോറിൽ നിന്നുള്ള ജഗ്ഗി എന്ന ട്രാവൽ ഏജൻ്റ് വഴിയാണ് ഇവർ അമേരിക്കയിലേക്ക് പോകാൻ ശ്രമിച്ചത്. 60 ലക്ഷം രൂപയായിരുന്നു ഇതിനായി ആവശ്യപ്പെട്ട തുക. ഇതിൽ 30 ലക്ഷം രൂപ നൽകിയിരുന്നു.
ബാക്കി തുക അമേരിക്കയിലെത്തിയ ശേഷം നൽകാമെന്നായിരുന്നു ധാരണ. വയോധികരായ മറ്റ് രണ്ട് പേരുടെ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇവർ യാത്ര ചെയ്യാൻ ശ്രമിച്ചത്. ഗുരു സേവക് സിങിന് 67 കാരനായ രഷ്വീന്ദർ സിങ് സഹോതയുടെയും അർച്ചന കൗറിന് ഹർജീത് കൗർ എന്ന സ്ത്രീയുടെയും പാസ്പോർട്ടാണ് നൽകിയത്. ജഗ്ഗിയുടെ നിർദ്ദേശപ്രകാരം ഇരുവരും ഒരാഴ്ചയായി മഹിപാൽപുറിലെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. ദില്ലിയിലെ ഒരു സലോണിൽ വച്ച് മേക്കോവർ നടത്തി പാസ്പോർട്ടിലെ ചിത്രത്തിലുള്ളവരെ പോലെ തോന്നിക്കാനായിരുന്നു ശ്രമം.
ഗുരു സേവകും ഭാര്യയും പിടിയിലായതിന് പിന്നാലെ ഉത്തരാഖണ്ഡിലെ രുദ്രാപുരിൽ നിന്ന് ജഗ്ഗിയും അറസ്റ്റിലായി. ഇയാൾക്ക് യു.പിയിലെ ബിജ്നോറിൽ ട്രൂ ടോക്ക് ഇമേജിനേഷൻ എന്ന ട്രാവൽ ഏജൻസിയുണ്ട്. വിദേശത്ത് പോകാൻ വഴി തേടിയെത്തുന്ന ആളുകളെ പറ്റിച്ച് പണം തട്ടലാണ് ജഗ്ഗിയുടെ രീതിയെന്ന് പൊലീസ് പറയുന്നു. ഗുരു സേവകിനെ മേക്കോവർ വരുത്തിയ സലോൺ ഉടമയെ പൊലീസ് ചോദ്യം ചെയ്ത ശേഷം കേസിലെ മുഖ്യ സാക്ഷിയാക്കി.
2019 സെപ്തംബറിലും ഇത്തരമൊരു സംഭവം ഡൽഹി വിമാനത്താവളത്തിൽ നടന്നിരുന്നു. അന്ന് 24കാരനായ ജയേഷ് പട്ടേൽ 81കാരനായി വേഷം മാറിയാണ് എത്തിയത്. എന്നാൽ സുരക്ഷാ പരിശോധനയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥന് സംശയം തോന്നി പിടികൂടുകയായിരുന്നു.