ഇന്ത്യൻ സാഹചര്യത്തിൽ ഈശ്വര വിശ്വാസം അതിരുകളില്ലാത്ത പ്രതീക്ഷയാണ്. മനുഷ്യ ഹൃദയങ്ങളിൽ എല്ലാ നേട്ടങ്ങളുടെയും തിരിച്ചടികളുടെയും പിന്നിൽ ദൈവത്തിനൊരു സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ ആത്മീയതയിൽ അഭയം പ്രാപിക്കുന്നവരും പ്രതീക്ഷ വെക്കുന്നവരും നിരവധിയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് യു.പിയിലെ ഒരു സാധാരണ ഗ്രാമത്തിൽ നിന്നുള്ള മുൻ പൊലീസ് കോൺസ്റ്റബിളായ നാരായണ ഹരിയെന്ന ഭോലെ ബാബയ്ക്ക് ലക്ഷക്കണക്കിന് അനുയായികളെ ലഭിച്ചത്.
ഹാത്റാസിലെ ഫുൽറായ് ഗ്രാമത്തിൽ നടന്ന സത്സംഗം പരിപാടി കഴിഞ്ഞ് ഭോലെ ബാബ വേദിയിൽ നിന്ന് റോഡിൽ നിർത്തിയിട്ട വാഹനത്തിലേക്ക് പോയപ്പോഴാണ് തിക്കും തിരക്കും ഉണ്ടായത്. ബാബയുടെ കാലടി പതിഞ്ഞ മണ്ണോ അതിൽ നിന്നുള്ള മണൽത്തരിയോ നേടുകയായിരുന്നു തിക്കിത്തിരക്കിയവരുടെ ലക്ഷ്യം. ബാബയെ സംരക്ഷിക്കാൻ സുരക്ഷാ ജീവനക്കാർ വലയം തീർത്തതോടെ തിരക്ക് കൂടി. അപകടം മനസിലാക്കിയവർ റോഡിൽ നിന്ന് പരിപാടി നടന്ന പാടത്തേക്ക് തിരിഞ്ഞോടി. എന്നാൽ ചരിവുള്ള ഭൂപ്രതലമായിരുന്നു ഇവിടം. ഓടിയവർ അടി തെറ്റി വീഴുകയും അവർക്ക് മേലേക്ക് കൂടുതൽ പേർ വീഴുകയും ഇവരെ ചവിട്ടി ആളുകൾ പോവുകയും ചെയ്തു. ഈ ദുരന്തത്തിൽ 120 ലധികം മനുഷ്യ ജീവനുകളാണ് പൊലിഞ്ഞുപോയത്.
യുപിയിലെ കാസ്ഗഞ്ച് ജില്ലയിലെ ബഹദൂർ നഗറിൽ ജനിച്ച സൂരജ് പാൽ, വിദ്യാഭ്യാസത്തിന് ശേഷം യു.പി പൊലീസിൽ കോൺസ്റ്റബിളായി ജോലി ചെയ്തു. 1990 കൾ വരെ പൊലീസിൽ സേവനമനുഷ്ഠിച്ച ശേഷം ജോലി രാജിവച്ച് ആത്മീയതയുടെ പാതയിലേക്ക് കടന്നു. നാരായണ ഹരിയെന്ന പുതിയ പേര് സ്വീകരിച്ച് ആത്മീയ പ്രഭാഷണങ്ങളിലൂടെ തൻ്റെ ആത്മീയ യാത്ര തുടങ്ങി. യുപിയിൽ നാരായൺ സാഗർ ഹരി ആശ്രമം സ്ഥാപിച്ചു. ഭോലെ ബാബയെന്നും സാഗർ വിശ്വ ഹരിയെന്നും അറിയപ്പെടാൻ തുടങ്ങി.
ഇന്ന് 30 ഏക്കറോളം സ്ഥലത്ത് പരന്ന് കിടക്കുന്ന അദ്ദേഹത്തിൻ്റെ ആശ്രമത്തിലേക്ക് പ്രതിദിനം 12000ത്തിൽ പരം ആളുകൾ എത്തുന്നുവെന്നാണ് കരുതപ്പെടുന്നത്. യു.പി സംസ്ഥാനത്തിന് അകത്തും പുറത്തും രാഷ്ട്രീയ നേതാക്കൾക്ക് ഇടയിൽ വരെ വലിയ സ്വാധീനമുള്ള ആചാര്യനായി അദ്ദേഹം മാറി. ഉന്നത രാഷ്ട്രീയ നേതാക്കളും എംഎൽഎമാരും എംപിമാരും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഭോലെ ബാബയുടെ അനുയായികളാണ്.
ഹാത്റാസിലെ ഫുൽറായ് ഗ്രാമത്തിൽ നടന്ന സത്സംഗത്തിന് ജില്ലാ ഭരണകൂടത്തിൻ്റെ അനുമതി ഉണ്ടായിരുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ അനുവദിച്ചതിലേറെ ആളുകൾ അവിടെ പങ്കെടുത്തിരുന്നുവെന്നാണ് വിമർശനം. രണ്ട് ലക്ഷത്തോളം പേർ സത്സംഗത്തിൽ പങ്കെടുത്തുവെന്നാണ് വിലയിരുത്തൽ. സ്ഥലത്ത് പൊലീസിൻ്റെ യാതൊരു സാന്നിധ്യവും ഉണ്ടായിരുന്നില്ല.
ദുരന്തത്തിൽ മരണസംഖ്യ 120 കടന്നതായി സർക്കാർ അറിയിക്കുന്നു. ഭോലെ ബാബ ഒളിവിലെന്നാണ് വിവരം. നൂറിലേറെ മനുഷ്യ ജീവനുകൾ പൊലിഞ്ഞ ദുരന്തം മുന്നിൽ നിൽക്കുമ്പോൾ ഭോലെ ബാബയുടെ ഭാവി എന്താകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.