ആലപ്പുഴ മാന്നാർ കൊലപാതകക്കേസിലെ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ടാം പ്രതി ജിനു കൊലപാതകം നടന്ന സ്ഥലം കാണിച്ചുതരാമെന്ന് അറിയിച്ചിട്ടുണ്ട്. വലിയ പെരുമ്പുഴ പാലത്തിൽ കാറിനുള്ളിൽ വച്ചാണ് കലയെ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതകരീതി വ്യക്തമാക്കിയിട്ടില്ല.
കൊലപാതകവിവരം മുഖ്യസാക്ഷിയിൽ നിന്നാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സെപ്റ്റിക് ടാങ്ക് പരിശോധനയെക്കുറിച്ച് പരാമർശമില്ല. മൃതദേഹം മറവുചെയ്ത സ്ഥലം അജ്ഞാതമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കൊലയായുധം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെത്തേണ്ടതുണ്ട്. കൂടാതെ വാടകയ്ക്കെടുത്ത വാഹനവും കണ്ടെത്തേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
2009 ഡിസംബർ ആദ്യവാരമാണ് കല കൊല്ലപ്പെട്ടതെന്ന് പ്രതി പ്രമോദ് മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. കലയ്ക്ക് കുട്ടംപേരൂർ സ്വദേശിയുമായുണ്ടായിരുന്ന ബന്ധമാണ് പകയ്ക്ക് കാരണമെന്നും വ്യക്തമാക്കുന്നു. അനിൽകുമാർ വിദേശത്തായിരുന്നപ്പോൾ കുട്ടംപേരൂർ സ്വദേശിയെ അനിൽകുമാറിന്റെ ബന്ധുക്കൾ മർദിച്ചിരുന്നു. മർദിച്ചവരിൽ പ്രതി പ്രമോദും ഉൾപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കലയുടെ ആൺസുഹൃത്തായ കുട്ടംപേരൂർ സ്വദേശിയെ ചോദ്യം ചെയ്തിരുന്നു.
കല വീട്ടിൽ നിന്ന് പോയി എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു. ഭർതൃവീട്ടിൽ നിന്ന് പോയി ഒന്നര മാസത്തിനുശേഷമാണ് വിദേശത്തായിരുന്ന അനിൽകുമാർ നാട്ടിലെത്തിയത്. അനിൽ നാട്ടിലെത്തി അഞ്ച് ദിവസത്തിനുള്ളിലാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. അനിൽകുമാർ എറണാകുളത്തെത്തി ജോലിസ്ഥലത്തുനിന്ന് കലയെ കൂട്ടിക്കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.