അദാനി ഗ്രൂപ്പ് കേസിൽ സെക്യൂരിറ്റീസ് ആന്ഡ് എക്സേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഹിന്ഡന്ബര്ഗ് റിസര്ച്ചിന് നോട്ടീസ് നൽകിയതിനെ തുടർന്ന് വിവാദം കൊഴുക്കുകയാണ്. 2023 ജനുവരിയിൽ അദാനി ഗ്രൂപ്പിനെതിരെ ഓഹരി തട്ടിപ്പ് ആരോപണം ഉന്നയിച്ച് ഹിന്ഡന്ബര്ഗ് പുറത്തുവിട്ട റിപ്പോർട്ടിനെ തുടർന്നാണ് സെബിയുടെ നടപടി.
ഹിൻഡൻബർഗ് ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 46 പേജുള്ള കാരണം കാണിക്കൽ നോട്ടീസാണ് സെബി അയച്ചത്. എന്നാൽ സെബിയുടെ ഈ നടപടി അസംബന്ധവും ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറലുമാണെന്ന് ഹിന്ഡന്ബര്ഗ് ആരോപിച്ചു.
ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഗൗതം അദാനി 38-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനിയുടെ ആസ്തിയിലും വലിയ ഇടിവുണ്ടായി.
തങ്ങളുടെ റിപ്പോർട്ട് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും ഹിൻഡൻബർഗ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ശക്തരായവർ ചെയ്ത അഴിമതിയും തട്ടിപ്പും പുറത്തുകൊണ്ടുവന്ന തങ്ങളെ നിശബ്ദരാക്കാനാണ് സെബി ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയും അടുത്ത കൂട്ടാളികളും വിദേശത്തെ കടലാസ്സു കമ്പനികളുടെ ശൃംഖല നിയന്ത്രിച്ചിരുന്നതിന്റെ തെളിവുകളാണ് ഹിൻഡൻബർഗ് പുറത്തുവിട്ടത്. ഈ കമ്പനികൾ വഴി കോടിക്കണക്കിന് രൂപ പൊതു സ്വകാര്യ സ്ഥാപനങ്ങളിലേക്കും തിരിച്ചും ഒഴുകിയതായി അവർ ആരോപിച്ചു.
സെബി തങ്ങളുടെ ചുമതലകൾ മറന്നാണ് പ്രവർത്തിക്കുന്നതെന്ന് ഹിൻഡൻബർഗ് വിമർശിച്ചു. ശതകോടികളുടെ തട്ടിപ്പ് അന്വേഷിക്കാതെ, അത് തുറന്നുകാട്ടിയവർക്കെതിരെ നടപടിയെടുക്കുന്നത് നിക്ഷേപകരെ മറന്ന് തട്ടിപ്പുകാരെ സഹായിക്കാനാണെന്നും അവർ കുറ്റപ്പെടുത്തി.
റിപ്പോർട്ട് പുറത്തുവിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും അതിൽ വസ്തുതാവിരുദ്ധമായി എന്തെങ്കിലും ചൂണ്ടിക്കാട്ടാൻ സെബിക്ക് സാധിച്ചിട്ടില്ലെന്നും ഹിൻഡൻബർഗ് പറഞ്ഞു. തങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ പരോക്ഷമായി ഇടപെടാൻ ശ്രമിക്കുന്നുവെന്ന് സ്ഥാപിക്കാനാണ് സെബിയുടെ ശ്രമമെന്നും അവർ ആരോപിച്ചു.
അദാനി കമ്പനിയുടെ കടപ്പത്രങ്ങൾ വിറ്റഴിച്ച് വലിയ ലാഭമുണ്ടാക്കിയില്ലെന്നും ഹിൻഡൻബർഗ് വ്യക്തമാക്കി. ഷോർട്ട്-സെല്ലിങ് വഴി 41 ലക്ഷം ഡോളറിന്റെ മൊത്ത വരുമാനത്തിൽ നിന്ന് 31,000 ഡോളർ മാത്രമാണ് കമ്പനിക്ക് ലഭിച്ചതെന്നും അവർ പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ട് തങ്ങൾ ഇതുവരെ ചെയ്ത ഗവേഷണങ്ങളിൽ ഏറ്റവും അഭിമാനകരമാണെന്നും അമേരിക്കൻ കമ്പനിയായ ഹിൻഡൻബർഗ് അവകാശപ്പെട്ടു.