പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് തന്റെ സ്ഥാനങ്ങൾ രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ച ശേഷം നിയമസഭയിലെത്തി സ്പീക്കർ എ.എൻ. ഷംസീറിനെ കണ്ട് എം.എൽ.എ സ്ഥാനവും രാജിവെച്ചു. രാജിക്ക് മുമ്പ് അദ്ദേഹം ഒരു പ്രധാന ഉത്തരവിൽ ഒപ്പിട്ടു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ താമസിക്കുന്ന ഇടങ്ങളെ ‘കോളനി’ എന്ന് വിളിക്കുന്നത് ഇനി വേണ്ടെന്നാണ് ഉത്തരവ്. കോളനികൾ എന്നത് വൈദേശികാധിപത്യത്തിന്റെ അവശിഷ്ടമാണെന്നും അത് ഇനി ഉണ്ടാകരുതെന്നുമാണ് ഉത്തരവിൽ പറയുന്നത്.
ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത മഹാത്മാ അയ്യൻകാളിയുടെ സ്മൃതി ദിനമാണെന്നതാണ്. ഈ ദിവസം തന്നെ മന്ത്രിപദം രാജിവെയ്ക്കാനും അവസാന ഉത്തരവ് പുറപ്പെടുവിക്കാനും കെ. രാധാകൃഷ്ണൻ തിരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. മൂന്നു വർഷമാണ് രാധാകൃഷ്ണൻ വകുപ്പുമന്ത്രിയായിരുന്നത്. വരുന്ന 22ന് ഡൽഹിക്ക് പോകുന്ന അദ്ദേഹം 24, 25, 26 തീയതികളിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്യും. വിജ്ഞാപനമിറങ്ങി 14 ദിവസത്തിനുള്ളിൽ സംസ്ഥാന പദവികൾ ഒഴിയണമെന്ന ചട്ടം പാലിക്കാനാണ് ഇന്ന് പദവികൾ ഒഴിയാൻ തീരുമാനിച്ചതെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി.