നീറ്റ് പരീക്ഷ തട്ടിപ്പ്: നളന്ദയിൽ വീണ്ടും സജീവമാകുന്ന ചോദ്യപേപ്പർ ചോർച്ച റാക്കറ്റ്

Anjana

നീറ്റ്-യൂജി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പും രാജ്യവ്യാപകമായി ചർച്ചയാകുന്നതിനിടെ, ബീഹാറിലെ നളന്ദയിൽ അടുത്ത മത്സരപരീക്ഷകളിൽ തട്ടിപ്പ് നടത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്ന വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ബീഹാർ പൊലീസ് വെളിപ്പെടുത്തി. സുമൻ സിംഗ് എന്നറിയപ്പെടുന്ന രഞ്ജിത് ഡോൺ, സഞ്ജീവ് മുഖിയ, ദീപക് കുമാർ എന്നിവരാണ് ഈ തട്ടിപ്പ് സംഘത്തിന് നേതൃത്വം നൽകുന്നതെന്ന് പൊലീസ് പറയുന്നു.

2003-ൽ CAT പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി കുപ്രസിദ്ധി നേടിയ രഞ്ജിത് ഡോൺ, ഇപ്പോൾ നീറ്റ് പേപ്പർ ചോർച്ചയുടെ സൂത്രധാരനായ സഞ്ജീവ് മുഖിയ എന്നിവർ നളന്ദയെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സഞ്ജീവ് മുഖിയയുടെ കുടുംബം ഉൾപ്പെടെ നീറ്റ് യുജി പേപ്പർ ചോർച്ചയിൽ പങ്കാളികളാണെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. സഞ്ജീവ് മുഖിയ ഇപ്പോഴും ഒളിവിലാണെന്നാണ് റിപ്പോർട്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രഞ്ജിത് ഡോൺ ബീഹാർ കേന്ദ്രമായി പ്രവർത്തിക്കുന്ന സോൾവർ ഗ്യാങ്ങുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. യോഗ്യതയില്ലാത്ത വ്യക്തികൾക്ക് പരീക്ഷാ പേപ്പർ ചോർത്തി നൽകി വൻതോതിൽ പണം വാങ്ങി തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഡോക്ടർമാർ, എഞ്ചിനീയർമാർ, ബാങ്ക് പിഒമാർ തുടങ്ങി നിരവധി പരീക്ഷകളിൽ ക്രമക്കേട് നടത്തി യോഗ്യതയില്ലാത്തവർക്ക് ജോലി വാങ്ങി നൽകിയതായും വിവരമുണ്ട്.