മാങ്ങാട് രത്നാകരന് ഇ.കെ. ദിവാകരൻ പോറ്റി സ്മാരക ഗ്രാമിക പുരസ്കാരം ലഭിച്ചു. കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഏർപ്പെടുത്തിയ ഈ പുരസ്കാരം ഭാവുകത്വത്തെ നിരന്തരം നവീകരിക്കുന്നതിന് വിവർത്തനകലയെ ഉപയോഗിച്ച മാങ്ങാട് രത്നാകരനോടുള്ള ആദരവാണ്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഡേവിഡ് ദിയോപ്പിൻ്റെ ‘രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പ്’, മാർക്കേസിൻ്റെ ‘ആഗസ്തിൽ കാണാം’, റോദ്രിഗോ ഗാർസിയയുടെ ‘ഗാബോയ്ക്കും മെർസഡസിനും ഒരു യാത്രാമൊഴി’ എന്നിവയാണ് മാങ്ങാട് രത്നാകരൻ്റെ പ്രധാന വിവർത്തന കൃതികൾ. ഗ്രാംഷി, ഓർഹാൻ പാമുക്ക്, നെരൂദ, ബ്രെഹ്ത്, നിക്കനോർ പാർറ തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെ രചനകളും അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
2024 ജൂലൈ 27ന് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽവെച്ച് കെ.സച്ചിദാനന്ദൻ പുരസ്കാരസമർപ്പണം നിർവ്വഹിക്കും. പി.എൻ.ഗോപീകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വെങ്കിടേഷ് രാമകൃഷ്ണൻ ‘ഇന്ത്യൻ ജനാധിപത്യത്തിൻെറ വർത്തമാനം’ എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തും.