കർണാടകയിലെ അധികാരമാറ്റ തർക്കം മൂർച്ഛിക്കുന്നതിനിടെ, മുഖ്യമന്ത്രി സിദ്ധരാമയ്യ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ഖർഗെയുടെ വസതിയിലായിരുന്നു ഈ സമാഗമം. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം അധികാരമാറ്റ ചർച്ചകളുടെ മുനയൊടിക്കാനുള്ള സിദ്ധരാമയ്യ പക്ഷത്തിന്റെ നീക്കങ്ങൾ സജീവമായിരുന്നു. ഈ സമയത്താണ് വൊക്കലിഗ മഠാധിപതി ചന്ദ്രശേഖരാനന്ദ സ്വാമി ഡി.കെ. ശിവകുമാറിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സാമുദായിക പിന്തുണ കൂടി ലഭിച്ചതോടെ ഡി.കെ. വിഭാഗം കൂടുതൽ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ്.
മഠാധിപതിയുടെ ആവശ്യത്തെ തള്ളി സിദ്ധരാമയ്യ പക്ഷത്തെ മന്ത്രിമാർ രംഗത്തെത്തിയെങ്കിലും സാമുദായിക അഭിപ്രായങ്ങളെ പൂർണമായും തള്ളാൻ കോൺഗ്രസ് നേതൃത്വത്തിനാവില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്. സ്വകാര്യ സന്ദർശനം മാത്രമാണെന്ന് പറയുമ്പോഴും ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമേറെയുണ്ട്.