കെഎസ്ആർടിസിയിലെ ബ്രെത്ത് അനലൈസർ പരിശോധനയെ തൊഴിലാളി യൂണിയനുകൾ എതിർക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. കെഎസ്ആർടിസി ഉദ്യോഗസ്ഥർ മദ്യപിച്ചതായി ബ്രെത്ത് അനലൈസർ പരിശോധനയിൽ കണ്ടെത്തിയാൽ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന യൂണിയനുകളുടെ ആവശ്യത്തെ മന്ത്രി സ്വാഗതം ചെയ്തു. മദ്യപിച്ച് വാഹനമോടിക്കുന്നത് കെഎസ്ആർടിസിയിലെ യാത്രക്കാരെ മാത്രമല്ല, റോഡിലെ കാൽനടയാത്രക്കാരെയും ബാധിക്കുന്ന കാര്യമാണെന്ന് മന്ത്രി വിശദീകരിച്ചു. ലക്ഷക്കണക്കിന് ജനങ്ങൾക്ക് വേണ്ടിയാണ് തന്റെ ഈ തീരുമാനമെന്നും അതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രൈവർമാരെ മാത്രമല്ല, സ്ത്രീകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ക്ലറിക്കൽ സ്റ്റാഫിനെ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കാമെന്നും മന്ത്രി യൂണിയനുകൾക്ക് ഉറപ്പുനൽകി. ബ്രെത്ത് അനലൈസർ പരിശോധനയ്ക്കെതിരെ യൂണിയനുകൾ പ്രതിഷേധവുമായി മുന്നോട്ടുപോകുമ്പോൾ അവരുടെ ചില ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുതന്നെ പരിശോധനകൾ ഊർജിതമായി നടത്തുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കുന്നത്. സംഘടനകൾ മന്ത്രിയ്ക്ക് കത്ത് സമർപ്പിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം.