നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ വീണ്ടും അറസ്റ്റ് നടത്തി, രാഹുൽ ഗാന്ധി വിമർശനവുമായി രംഗത്ത്

Anjana

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ വീണ്ടും അറസ്റ്റ് നടത്തി. ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൽ ഇസാൻ ഉൾ ഹഖും പരീക്ഷാ സെന്റർ സൂപ്രണ്ട് ഇംതിയാസ് ആലമുമാണ് അറസ്റ്റിലായത്. ഈ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിന് മുമ്പ് പാറ്റ്നയിൽ നിന്ന് മനീഷ് പ്രകാശും അശുതോഷും അറസ്റ്റിലായിരുന്നു.

ഈ വിഷയത്തിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് നീറ്റ് വിഷയമെന്ന് ചൂണ്ടിക്കാട്ടി വീഡിയോ സന്ദേശം പുറത്തുവിട്ടു. താൻ പാർലമെന്റിൽ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും കേന്ദ്ര സർക്കാർ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് ഒരു ദുരന്തമായി മാറിയെന്നും ചോദ്യപേപ്പർ ചോർന്നതിലൂടെ ചിലർ കോടികൾ സമ്പാദിച്ചെന്നും രാഹുൽ ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും നീറ്റ് വിഷയത്തിൽ വ്യക്തത വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് അർഹിക്കുന്ന ബഹുമാനം നൽകാൻ പ്രധാനമന്ത്രി തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.