പത്തനംതിട്ട കൊടുമണ്ണിൽ മന്ത്രി വീണ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിന് മുന്നിലെ ഓട നിർമാണം കോൺഗ്രസ് വീണ്ടും തടഞ്ഞു. സർവകക്ഷി യോഗത്തിലെ തീരുമാനം ലംഘിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം ഉയർന്നത്. പുറംപോക്ക് സർവേ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമേ തർക്ക മേഖലയിൽ നിർമാണം നടത്താവൂ എന്നായിരുന്നു യോഗത്തിലെ തീരുമാനം. എന്നാൽ കോൺഗ്രസിനെ നേരിടാൻ ഡിവൈഎഫ്ഐയും രംഗത്തെത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് പോലീസ് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മന്ത്രി മുഹമ്മദ് റിയാസും നടത്തിയ ചർച്ചയിൽ തർക്കം പരിഹരിച്ച ശേഷമേ ഓട നിർമാണം നടത്താവൂ എന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഈ ഉറപ്പ് ലംഘിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം. മുൻപ് കോൺഗ്രസ് കുത്തിയ കൊടികൾ പോലീസ് നീക്കം ചെയ്തതിന് പിന്നാലെ കെആർഎഫ്ബി ഉദ്യോഗസ്ഥരും തൊഴിലാളികളും പണി ആരംഭിച്ചു. ഇത് തടയാനെത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഡിവൈഎഫ്ഐ പ്രകടനവുമായി എത്തി. വികസനത്തെ തടയുകയാണ് കോൺഗ്രസെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. പിന്നീട് അടൂർ ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, റോഡ് അലൈൻമെന്റ് വിവാദത്തെ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം പുറംപോക്ക് സർവേ പ്രദേശത്ത് തുടരുന്നുണ്ട്.