വടകര ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ പരാമർശ വിവാദം നിയമസഭയിൽ ചർച്ചയായി. കെകെ ലതികയുടെ പോസ്റ്റിനെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മന്ത്രി എംബി രാജേഷ് മറുപടി നൽകി. ലതികയുടെ പോസ്റ്റ് വർഗീയ പരാമർശങ്ങൾക്കെതിരെയാണെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ രണ്ട് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കെകെ ലതികയ്ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് പ്രതിപക്ഷം ചോദിച്ചു. യഥാർത്ഥ ചോദ്യങ്ങളിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. താമ്രപത്രം വേണോ കുറ്റപത്രം വേണോ എന്ന് താൻ പറയുന്നില്ലെന്നും കെകെ ലതിക കുറ്റം ചെയ്തോ ഇല്ലയോ എന്ന വിധിപ്രസ്താവം നടത്തിയിട്ടില്ലെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.
കോട്ടയം കുഞ്ഞച്ചനെന്ന വ്യാജ പ്രൊഫൈലിനെക്കുറിച്ച് യു പ്രതിഭ എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, കുഞ്ഞച്ചന്റെ വല്യച്ഛന്മാരെക്കുറിച്ചല്ല താൻ പറയുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിനോട് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.