ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കത്തിൽ സർക്കാർ കർശന നടപടി സ്വീകരിച്ചു. കണ്ണൂർ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കി. പ്രതിപക്ഷം വീണ്ടും ഈ വിഷയം നിയമസഭയിൽ ഉന്നയിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സർക്കാരിന്റെ ഈ നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സബ്മിഷനായി ഇക്കാര്യം ഉന്നയിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ഉത്തരവ് പുറത്തിറക്കിയത്. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി.ജി. അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. അന്വേഷണത്തിന് വിധേയമായാണ് ഇവരെ സർവീസിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തിയിരിക്കുന്നത്. മൂന്ന് പ്രതികൾക്ക് ശിക്ഷയിളവ് നൽകി വിട്ടയക്കാനുള്ള നീക്കമാണ് സർക്കാർ നടത്തിയത്. ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് ഇളവിനായി പരിഗണിക്കപ്പെട്ടവർ. ഈ നീക്കം പുറത്തറിഞ്ഞതോടെ രാഷ്ട്രീയ വിവാദം ഉടലെടുത്തു. ഹൈക്കോടതി വിധിയെ മറികടന്നാണ് ടി.പി. കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള ശ്രമം നടന്നത്.